Wednesday, December 7, 2011

യക്ഷി






പാലകള്‍ പൂക്കുമാവാസന്തരാത്രിയില്‍
മെല്ലെയെന്‍ ചാരത്തു കുളിര്‍കാറ്റു വീശിയോ?

അനുവാദമേകാതെ കാറ്റിന്‍ കരങ്ങളെന്‍
ജാലകത്തിന്‍ വാതില്‍ മെല്ലെത്തുറന്നുവോ?

രാത്രിതന്നാത്മാവുപോലന്നു പൂക്കള്‍തന്‍
മാദക ഗന്ധമെന്നുള്ളിലൂടൊഴുകിയോ?

പാല്‍ നിലാവെട്ടം മറച്ചുകൊണ്ടാവണി
ച്ചന്ദ്രനാരാവിന്റെ മാറില്‍ മയങ്ങിയോ?

ഇരുളിന്റെയുള്ളിലായിരുളെന്നപോലെയെന്‍
ചെമ്പകച്ചോട്ടിലും നിഴലൊന്നനങ്ങിയോ?

ഒഴുകുമീക്കാറ്റിന്റെനിശ്വാസമേറ്റപോല്‍
റാന്തലിന്‍ നാളമന്നൊന്നുപിടഞ്ഞുവോ?

ഇരുള്‍ മൂടുമോര്‍മകള്‍ കരിപൂശുമുള്ളിലായ്
നിഴലന്നുവികൃതമാം ചിത്രങ്ങളെഴുതിയോ?

വിരസമീചിന്തകള്‍ എഴുതാന്‍ തുടങ്ങവേ
വാര്‍മുടിത്തുമ്പിന്‍ തലോടലന്നേറ്റുവോ?

അരികത്തിരുന്നെന്റെ കൈവിരല്‍തൊട്ടാരോ
തേങ്ങലോടെന്‍കഥയെഴുതെന്നുചൊല്ലിയോ?

എല്ലാം മനസ്സിന്റെ തോന്നലെന്നറിയവെ
അറിയാതെയാരെയൊപിന്നെയുംകേള്‍ക്കയോ?

ഓരുപാടെനിക്കിന്നു ചൊല്ലുവാനുണ്ടിനി
കേള്‍ക്കുനീയെന്നെന്റെ കാതിലായ് മൂളിയോ?

2 comments:

  1. ഒരു പാട് പറയാന്‍ ഉണ്ടല്ലോ ജി കെ ....
    യക്ഷി നല്ലൊരു കവിത തന്നെ .
    ഇഷ്ടമായി ഇനിയും എഴുതു...
    അഭിനന്ദനങ്ങള്‍

    ReplyDelete