Saturday, August 31, 2013

വിളക്കുമരം

ഒരു സ്വീകരണ മുറിയില്‍
മറന്നുവെച്ച താക്കോല്‍ക്കൂട്ടം
ഞാനാരെന്ന രഹസ്യം
പറഞ്ഞു തന്നു

ദുരിതപര്‍വത്തിനിടെ
വഴിയിലുപേക്ഷിച്ചു പോയ പെണ്ണ്
പ്രണയത്തെപ്പറ്റിയും
പ്രണയരംഗത്തെ
മത്സരങ്ങളെപ്പറ്റിയും പഠിപ്പിച്ചു

ഹൃദയഭാരം കൂടുതലായപ്പോള്‍
അരികിലണഞ്ഞ തൂക്കുകയര്‍
ഹൃദയബന്ധങ്ങള്‍ക്ക് തന്നെക്കാള്‍
ഉറപ്പുണ്ടെന്ന് പറഞ്ഞു

വഴിയരികിലെ
സത്രമുറങ്ങിയപ്പോള്‍
ഉറങ്ങാതിരുന്നതിനാല്‍
ഖദറിട്ട കടവാവലുകള്‍
ഇരുട്ടിന്റെ കഥ പറഞ്ഞുതന്നു

വെയില് കായുന്ന അടുപ്പും
മൂടുകീറിയ ഒറ്റമുണ്ടും
ഗാന്ധിയെപ്പറ്റി പഠിപ്പിച്ചു

നമ്രശിരസുകള്‍
വിനയം
അനുഭവഭാരത്തിന്റെ
പര്യായമാണെന്ന്
പറഞ്ഞുതന്നു

അഴുക്കുചാലിലെ പൂച്ചെടി
അതിശയിപ്പിച്ചുകൊണ്ട്
പുഞ്ചിരിക്കാന്‍ പഠിപ്പിച്ചു

പൊതുജന മധ്യത്തില്‍
പുഴുവരിച്ചിഴയുന്ന
ഭ്രാന്തന്‍ യാചകന്റെ
ഭിക്ഷാപാത്രം പറഞ്ഞു
'നീ ഭാഗ്യവാന്‍'

യാത്രകഴിഞ്ഞു മേഘങ്ങള്‍ക്കിടയില്‍ നിന്നും
താഴേക്കിറങ്ങിയപ്പോള്‍
അനുഭവങ്ങള്‍ ഇറക്കി വെയ്ക്കാന്‍
എന്റെ കുഞ്ഞു വീട്ടില്‍ സ്ഥലമില്ല

എന്തു ചെയ്യും?

3 comments:

  1. Shakthamaya bhasha....hrudyamaya varikal....nannayi ishtappettu.

    ReplyDelete
  2. ഒരു ചോദ്യം വായനക്കാര്‍ക്ക് തന്നിട്ട്; കവിത അവസാനിപ്പിച്ചു..വളരെ നല്ല കവിത...ശക്തമായ എന്നാല്‍ ഹൃദ്യമായ വരികളുടെ കവിത കഥ പറയുന്നു...വളരെ ഇഷ്ടം

    ReplyDelete
  3. ഇതു വായിച്ചപ്പോ മനസ്സിൽ ഒരു നെരിപൊദ് എറിഞ്ഞു മാഷേ ............എന്തെന്നറിയില്ല.......ജീവിതം തരുന്ന പാഠങ്ങൾ...അത് പല തരത്തിൽ പലരിലൂടെ....നിസ്സാരമായ അനുഭവങ്ങൾ തരുന്ന നൊമ്പരം...അതോടൊപ്പം പുതിയ ഉൽകാഴ്ചയും... എന്ത് ഉ ചെയ്യും എന്നാ ചോദ്യം വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചു...അഭിനന്ദനങ്ങൽ...

    ReplyDelete