Saturday, August 31, 2013

ഈ സന്ധ്യയില്‍ നിന്നെയും കാത്ത്

കരയുവാന്‍ വെമ്പുമീ മുകിലിന്റെ നോവുപോല-
ന്നെന്റെ ഹൃദയവും തേങ്ങി,...
ഇരുളും വെളിച്ചവും ചേരും തൃസന്ധ്യയില്‍
കരയാന്‍മറന്നു ഞാന്‍ നില്‍ക്കേ,...

തുണ തേടിയലയു മെന്നാത്മാവിലേക്കു നീ
കനിവിന്‍ വെളിച്ചമായ് വന്നൂ,...
ഇരുള്‍ മൂടി മങ്ങുമെന്‍ കളിമണ്‍ ചിരാതില്‍ നീ
നീ തിരിയിട്ടു ദീപം തെളിച്ചൂ,...

വിണ്ണില്‍ നിലവുപോലുള്ള നിന്‍ പുഞ്ചിരി
അന്നെന്റെ കണ്ണീര്‍ തുടച്ചു,...
മുള്ളും മുനകളും തിങ്ങുമെന്‍ വഴിയില്‍ നീ
ഒരു തണല്‍ വൃക്ഷമായ് നിന്നൂ,...

മുറിവേറ്റു വിങ്ങുമെന്നീറന്‍ മനസ്സില-
ന്നാദ്യമായ് സ്വപ്നം വിടര്‍ന്നു,...
തേന്‍ പോലെ മധുരമായ് പാടുന്ന കിളിയെഞാ-
നെന്‍ സ്വന്തമാക്കാന്‍ കൊതിച്ചു,...
ഹൃദയമാം പൂന്തോപ്പിലന്നാദ്യമായൊരു
മഞ്ഞ മന്ദാരം ചിരിച്ചു,

കാലമാംവാളേറ്റു നെഞ്ചില്‍ നിന്നിറ്റുന്ന
ചോരഞാന്‍ മെല്ലെത്തുടച്ചു,...
ജീവിത വീഥിയിലെവിടെയോ കൈവിട്ട
ലക്ഷ്യത്തിലേക്കു ഞാന്‍ പാഞ്ഞൂ,...

മലിനമാം പുഴപോലെന്‍ സിരകളിലൊഴുകുമീ
രക്തം വിയര്‍പ്പാക്കി മാറ്റി,...
എരിതീയിലെന്നപോല്‍ നീറുമെന്‍ നെഞ്ചിലെ
നോവുഞാന്‍ സംഗീതമാക്കി,...

ഒടുവിലീവേളയില്‍ വിജയമാംകുന്നിന്റെ
മുകളിലായ് ഇന്നുഞാന്‍ നില്‍ക്കേ,...

ഈറന്‍ തൃസന്ധ്യയില്‍ ഭൂമിയില്‍ വന്നൊരാ
മഞ്ഞുപോല്‍ നീയെങ്ങു മാഞ്ഞു?
ഒരുനീല രാത്രിയി ലന്നു ഞാന്‍ കണ്ടൊരാ
സ്വപ്നമായെങ്ങോ മറഞ്ഞൂ,...

പിരിയുവാന്‍ നേരവുമിന്നെനിക്കോര്‍ക്കുവാന്‍
ഒരു വാക്കു നല്കിയില്ലല്ലോ,...
ഹൃദയമാം പൂന്തോപ്പില്‍ ഞാന്‍ കാത്തു വെച്ചൊരാ
പൂവു നീ ചൂടിയില്ലല്ലോ,...

കണ്ണില്‍ നിന്നെങ്ങോ മറഞ്ഞുവെന്നാകിലും
നിന്നെഞാനെന്നെന്നുമോര്‍ക്കും,...
എങ്ങുമേയില്ലെന്നറിയുന്നുവെങ്കിലും
ഓരോ തിരക്കിലും തേടും,...

2 comments:

  1. കണ്ണില്‍ നിന്നെങ്ങോ മറഞ്ഞുവെന്നാകിലും
    നിന്നെ ഞാനെന്നുമോര്‍ക്കും.......
    എങ്ങുമേയില്ലെന്നറിയുന്നുവെങ്കിലും,
    ഒരു യാത്രയിലും തേടും.......എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നോ? നല്ല കവിതയെക്കാള്‍ ഉപരി ഒരു നല്ല ഗാനം എന്ന് വേണേല്‍ പറയാം...ഇഷ്ടം

    ReplyDelete