Social Icons

Thursday, December 26, 2013

മഞ്ഞു പെയ്ത നാളിൽ (One Night with Santaclaus)
മഞ്ഞു പെയ്ത നാളിൽ

(One Night with Santaclaus) 

Written by - Gopikrishnan vs

ടേബിൾ ലാമ്പിന്റെ പ്രകാശത്തിൽ ഇരുന്നു ഡയറി എഴുതുകയാണ്‌ വില്യംസ്‌ ജോർജ്ജ്‌. ഭാര്യ മരിച്ചതിൽ പിന്നെ അയാൾ ആരോടും അധികം സംസാരിക്കാറില്ല. പുസ്തകങ്ങളും വാക്കിംങ് സ്റ്റിക്കുമായി ഒരു കൊച്ചു  മുറിയിൽ ഒതുങ്ങിയ ജീവിതം. തൊട്ടടുത്ത മുറിയിൽ ലിറ്റിൽ ഫ്രെഡ്ഡി ക്രിക്കറ്റ്‌ കമന്ററി ഉറക്കെ വിളിച്ചു  പറഞ്ഞുകൊണ്ട്‌ ബോൾ ചുമരിലെറിഞ്ഞു ബാറ്റ്‌ ചെയ്തു കളിക്കുന്നുണ്ട്. ഇടയിലെപ്പോഴോ അവന്റെ സിക്സറുകളിലൊന്ന്‌ ചുമരിൽ തൂക്കിയിട്ടിരുന്ന സ്ഫടികവിളക്കിൽ കൊണ്ടു. വിളക്ക്‌ താഴെ വീണു വലിയ ശബ്ദത്തോടെ ഉടഞ്ഞു. പിടിച്ചു നിർത്തിയപോലെ ഫ്രെഡ്ഡിയുടെ ശബ്ദവും നിന്നു.
‘എല്ലാം  പൊട്ടിച്ചു , എല്ലാം  നശിപ്പിച്ചു  ഈ അസത്ത്‌ ’ ലൂസി അടുക്കളയിൽ  നിന്നും കലിതുള്ളി പുറത്തേക്കു വന്നു. അമ്മയുടെ   വഴക്കുകേൾക്കാൻ നില്ക്കാതെ ചെവിയിൽ വിരൽ അമർത്തിക്കൊണ്ട്‌ ഓടി ഫ്രെഡ്ഡി അപ്പാപ്പന്റെ കസേരയ്ക്കരികിൽ ഒളിച്ചു.
“ ഫ്രെഡ്ഡി എവിടെയാ  നീ... മര്യാദയ്ക്ക്‌ വന്നോ..  എന്റെ കയ്യിലെങ്ങാൻ കിട്ടിയാൽ നിന്നെ ”
ലൂസി ദേഷ്യത്തിൽ ഫ്രെഡ്ഡിയെ തിരഞ്ഞു. അപ്പാപ്പനോടു വിരൽ ചുണ്ടിൽ വെച്ച്  ‘പറയ​ല്ലേ ’ എന്ന ആങ്ങ്യം  കാണിച്ചു  ഫ്രെഡി കസേരയ്ക്ക്‌ പിന്നിൽ തന്നെ ഒളിച്ചിരുന്നു.
അല്പസമയം   കഴിഞ്ഞു അമ്മ പോയി  എന്ന്‌ മനസ്സിലാക്കിയ ഫ്രെഡ്ഡി തന്റെ ബോൾ തിരയുന്നു. ഒരുപാടുനേരത്തെ തിരച്ചിലിനുശേഷവും ഫ്രെഡ്ഡിക്ക്‌ ബോൾ കണ്ടെത്താനാവുന്നില്ല. സമയം വീണ്ടും കടന്നുപോയി. തിരക്കിട്ട്‌ ഓഫീസിലേക്ക്‌ പുറപ്പെടുന്ന അമ്മയോട്‌ ഇപ്പോൾ ഫ്രെഡ്ഡിക്ക്‌ ഒരു കാര്യം പറയാനുണ്ട്‌. തനിക്കൊരു പുതിയ ബോൾ വേണം.  പക്ഷേ ഇനി മമ്മി വാങ്ങിക്കൊടുക്കില്ല.
“ഇനി ബോളൊന്നും വേണ്ട കഴിഞ്ഞാഴ്ചയ​ല്ലേ  ഒരെണ്ണം വാങ്ങിയത്‌. ഇപ്പൊ ലാമ്പും പൊട്ടിച്ചു. ഇനി എന്താ പൊട്ടിക്കാൻ ബാക്കിയുള്ളത്‌ ഈ വീട്ടിൽ ?  ”
“കഴിഞ്ഞാഴ്‌ച്ച വാങ്ങീത്‌ മിസ്സായി മമ്മീ... ഞാൻ എല്ലാടത്തും നോക്കി. നാളെ ഞാനാ ബോൾ കൊണ്ടുപോവേണ്ടത്‌ ബോളി​ല്ലെങ്കിൽ എന്നെ അവര്‌ കളിക്ക്‌ കൂട്ടില്ല. പ്ലീസ്‌ മമ്മീ ഇനി ഞാൻ ഒന്നും പൊട്ടിക്കില്ല ” ഫ്രെഡ്ഡിയുടെ നിഷ്കളങ്കമായ മറുപടി
“ എല്ലാ ആഴ്ചയിലും പുതിയതോരോന്നു വാങ്ങിത്തരാനേ നിന്റെ മമ്മിക്ക്‌ സ്വിസ്സ്‌ ബാങ്കിലൊന്നും അല്ല  ജോലി”. ലൂസി  ഡോർ ലോക്ക്‌ ചെയ്തു.
“പ്ലീസ്‌ മമ്മീ...” ഫ്രെഡ്ഡി വിട്ടില്ല .
“മിണ്ടാതെ അവിടെപ്പോയിരിക്ക്‌. ഞാൻ പെട്ടന്ന്‌ വരാം.”
തുടർന്നു  കേൾക്കാൻ നിൽക്കാതെ ലൂസി നടന്നു.  ഫ്രെഡ്ഡിയുടെ വാശി ഒരു വാശി തന്നെയാണ്‌. കാര്യസാധ്യത്തിനായി അവൻ ദിവസങ്ങളോളം സമരം ചെയ്യും . വൈകുന്നേരമായിട്ടും അവൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.

"എനിക്ക് ബോള്‍ വേണം"  അവന്റെ ആവശ്യം ശക്തമാണ്.
"മര്യാദയ്ക്ക് കഴിക്കാനാ പറഞ്ഞേ" ലൂസിയുടെ ശബ്ദം കനത്തു
"നിക്ക് വേണ്ടാ" ഫ്രെഡ്ഡി പ്ലേറ്റ് ദേഷ്യഭാവത്തിൽ  മുന്നിൽനിന്നും തട്ടിമാറ്റിയതും  ലൂസിയുടെ കൈ ശക്തിയിൽ അവൻറെ കവിളിൽ വീണതും ഒരുമിച്ചായിരുന്നു.
ലൂസി ഒച്ചവെച്ചു "അഹങ്കാരീ... ഭക്ഷണത്തിനോടാ വാശി ?"
ഫ്രെഡ്ഡി നിന്നു വിതുമ്പി... ഇത്തരം സാഹചര്യങ്ങളിൽ സപ്പോർട്ടിനെത്തുന്നത് അപ്പാപ്പനാണ്. 
"എന്താ ലൂസീ.. കവിളത്തൊക്ക്യാ കുട്ടികളെ തല്ലുന്നേ ?"
"അപ്പാപ്പാ മമ്മി..." ഫ്രെഡ്ഡിയുടെ ശബ്ദമിടറി
"സാരോല്യാട്ടോ  മോനെന്താ ആഹാരം കഴിക്കാത്തേ?" വില്ല്യംസ് അവനെ ചേർത്തുപിടിച്ചു
"മമ്മി ബോള്‍ വാങ്ങി തന്നില്ല അപ്പാപ്പാ..." അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു
"അതൊക്കെ മമ്മി നാളെ വാങ്ങിത്തരും ഇത്  ക്രിസ്മസ്  രാത്രിയല്ലേ.. നാളെ ഉണ്ണിയേശുന്റെ പിറന്നാളല്ലേ  . ഇന്ന് വാശി പിടിക്കാൻ പാടില്ല. മോൻ കഴിക്ക്.."
അതിലൊന്നും ഫ്രെഡി വഴങ്ങില്ല "പറ്റില്ല നിക്ക് വേണ്ടാ.."
ലൂസി ഇടപെട്ടു
"അച്ഛൻ പോയിക്കോളൂ അവനു ഞാന്‍ തന്നെ വേണം..."
അവളെ തടഞ്ഞുകൊണ്ട്‌ വില്യംസ് പറഞ്ഞു
"യേയ് ന്റെ മോൻ മിടുക്കനാ അവൻ ഇപ്പൊ കഴിക്കും നീ കണ്ടോ... അപ്പാപ്പൻ ഫ്രെഡിക്കുഞ്ഞിനു സാന്റാക്ലോസിന്റെ കഥ പറഞ്ഞുതരട്ടെ ? ഫ്രെഡ്ഡിയെപ്പോലെ കൊച്ചു മിടുക്കന്മാർക്കും മിടുക്കത്തികൾക്കും  കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് അപ്പൂപ്പന്റെ കഥ ?  "
"ഉം" ഏതു സമരത്തിനിടയിലും കഥ കേള്‍ക്കാൻ കുട്ടികള്‍ക്ക് ഇഷ്ടം തന്നെ
"ആദ്യം ഊണ് കഴിക്ക് എന്നിട്ട പറയാം"
"പറ്റില്ല നിക്ക് വേണ്ടാ"
ഫ്രെഡ്ഡിയുടെ വാശിയാണ്. ഒടുവിൽ  വില്യംസിനു കഥകളുടെ കെട്ടഴിക്കേണ്ടി തന്നെ വന്നു.

"തുര്‍ക്കിയിൽ നാലാം നൂറ്റാണ്ടിൽ സെയിന്റ് നിക്കോളാസ് എന്നൊരു ബിഷപ്പുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ തല്‍പരനായിരുന്നു അദ്ദേഹം. ഒരു ക്രിസ്ത്മസ് രാത്രി നിക്കോളാസ് നടക്കാനിറങ്ങിയപ്പോൾ  വഴിയരികിൽ  ഒരു കുഞ്ഞു വീട്ടിൽ നിന്ന് ആരോ കരയുന്നു. "
ഫ്രെഡ്ഡിയുടെ കണ്ണുകൾ  വിടര്‍ന്നു. ആകാംക്ഷയോടെ അവൻ അപ്പാപ്പന്റെ മുഖത്തേക്ക് ഉറ്റു നോക്കി. പ്ലേറ്റിൽനിന്ന് ചോറ് വാരി ഉരുളകളാക്കിക്കൊണ്ട് വില്യംസ് കഥ തുടര്‍ന്നു
"നിക്കോളാസ് ജനലിലൂടെ അകത്തേക്കുനോക്കി. അവിടെ ഒരു അമ്മ ഉണ്ണിയേശുവിനെ വിളിച്ചു കരയുകയാണ്. ഇന്ന് ഉണ്ണിയുടെ പിറന്നാളായിട്ട് അവരുടെ കുഞ്ഞുങ്ങള്‍ക്ക്  ഭക്ഷണം വാങ്ങി കൊടുക്കാന്‍ പണമില്ല അതായിരുന്നു അവരുടെ ദുഃഖം. "
ഉരുള ഫ്രെഡ്ഡിക്കു നീട്ടി ഒരു നിമിഷം വില്യംസ് മൌനം പാലിച്ചു. അപ്പാപ്പന്റെ കയ്യിൽനിന്നും ചോറുരുള വാങ്ങിക്കഴിച്ചുകൊണ്ട് അവൻ  ചോദിച്ചു
"എന്നിട്ട്"
വില്യംസ് കഥ തുടര്‍ന്നു
"ഇതുകേട്ട് നിക്കോളാസിന്റെ മനസ്സ് വേദനിച്ചു. ആ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം തീരുമാനിച്ചു."
വില്യംസ് അടുത്ത ഉരുള കൂടി ഫ്രെഡ്ഡിക്കു നീട്ടി...
"ബാക്കി പറ അപ്പാപ്പാ.. " കഥയിൽ മാത്രം ശ്രദ്ധിച്ച് ഫ്രെഡ്ഡി ഭക്ഷണം കഴിക്കുന്നത്  ലൂസി അത്ഭുതത്തോടെ നോക്കി.
വില്യംസ് തുടര്‍ന്നു
"അദ്ദേഹം അവരുടെ കുഞ്ഞുങ്ങളുടെ മുറിയുടെ ജനലിനരികിലേക്ക് നീങ്ങി. ഇളയ സഹോദരി മൂത്തവരോട് സംസാരിക്കുന്നത്  നിക്കോളാസ് കേട്ടു. "ഉണ്ണിയ്ക്ക് കൊടുക്കാൻ  കൂട്ടുകാരെല്ലാരും ഒരുപാട് സമ്മാനങ്ങൾ കരുതിവെക്കുന്നു. ഉണ്ണി വരുമ്പോ നമ്മൾ എന്താ കൊടുക്കുക ചേച്ചീ ? ഒന്നും ഇല്ലല്ലോ കയ്യില്‍ ..."
ലിറ്റില്‍ ഫ്രെഡ്ഡിയുടെ മുഖം ആ കൊച്ചു കുഞ്ഞിന്‍റെ ഭാവങ്ങൾ  പകര്‍ത്തി. വില്യംസ് കഥ തുടരുകയാണ്
  "നിക്കോളാസ് ഉടനെ തന്റെ മടിശീലയിൽ  നിന്നും കുറച്ചു സ്വര്‍ണനാണയങ്ങളെടുത്ത് വീടിന്റെ ചിമ്മിനിയ്ക്കുള്ളിലൂടെ അകത്തെക്കെറിഞ്ഞു... അത് വന്നു വീണത് ഇളയ അനുജത്തിയുടെ ഷൂസിനുള്ളിലാണ്.
"എന്നിട്ട് "
ഫ്രെഡ്ഡിക്ക് വീണ്ടും ആകാംക്ഷ..
"എന്നിട്ടെന്താ അവരിൽനിന്നും ഒരു നന്ദിവാക്കുപോലും കേള്‍ക്കാൻ നില്‍ക്കാതെ നിക്കോളാസ് നടന്നു നീങ്ങി..." ഫ്രെഡ്ഡിയുടെ കണ്ണുകൾ  തിളങ്ങി. വില്യംസ് തുടര്‍ന്നു
"പിറ്റേന്ന് തന്റെ കാലുറകള്‍ക്കുള്ളില്‍ നിന്നും സ്വര്‍ണനാണയങ്ങൾ  കണ്ടെടുത്തപ്പോൾ  ഇളയ അനുജത്തി തങ്ങളെ സഹായിച്ച ആ അജ്ഞാതന് ഒരു പേരിട്ടു"
"സാന്റാക്ലോസ്  " ഫ്രെഡിയാണ് ഉത്തരം പറഞ്ഞത്...
വില്യംസ് പൊട്ടി ച്ചിരിച്ചു... ലൂസിയും...
"അതിനുശേഷമാണ് സാന്റാക്ലോസ് കാലുറകളിലാണ് കുട്ടികൾക്കുള്ള ഗിഫ്റ്റ് ഒളിച്ചുവെക്കുന്നത് എന്ന സങ്കല്പം ഉണ്ടായത്." വില്യംസ് പറഞ്ഞവസാനിപ്പിച്ചു
ഫ്രെഡ്ഡി കൈ കഴുകി വന്നു... വില്യംസ് ചിന്തയിലാണ്ടു
കഥയിൽ ഫ്രെഡ്ഡി സംതൃപ്തൻ. കഥ  മിത്തുകളിൽ  എഴുതപ്പെട്ടതാണ് എങ്കിലും ഉണ്ണിയേശുവിന്റെ കഥയ്ക്ക് സെയിന്റ് നിക്കോളാസിന്റെ കഥയുമായി വലിയ ബന്ധമൊന്നും മിത്തുകളിലില്ല. ക്രിസ്തുവിന്റെയും സെയിന്റ് നിക്കോളാസിന്റെയും  കാലഘട്ടം തമ്മിലുള്ള അന്തരം അവനറിയുകയുമില്ല. വാശിയുടെ കാര്യം അവൻ മറന്നിരിക്കുന്നു. പതിവിലും നന്നായി ഭക്ഷണം കഴിച്ചു. എന്നെങ്കിലുമോരിക്കൽ  ആ സംശയം വരുമ്പോൾ അവൻ ചോദിക്കും. പറയാനൊരുത്തരം വേണം അല്ല അന്ന് ആ ചോദ്യം കേള്‍ക്കാൻ  താൻ ഈ ലോകത്തുണ്ടാവുമോ ? വില്യംസ് ലൂസിയെ നോക്കി.
ലൂസി ജോര്‍ജിനെ വിളിക്കുകയാണ്‌
"ക്രിസ്ത്മസ് ആയിട്ട് നിങ്ങൾ ഓഫീസിൽ തന്നെ ഇരുന്നോ. ഇന്നെങ്കിലും കുറച്ചു നേരത്തെ ഇറങ്ങിയലെന്താ ? "
ഫ്രെഡ്ഡി വരാന്തയിലേക്ക്‌ പോയി. സോഡിയം ലാമ്പിന്‍റെ പ്രകാശത്തില്‍ ക്രിസ്ത്മസ് രാത്രി തിളങ്ങുന്നു. പുല്‍ക്കൂട്ടിലെ വിളക്കുകളിലേക്ക് കണ്ണും നട്ട് അവൻ വീടിനുമുന്‍പിലിരുന്നു.
ഡിസംബറിന്റെ തണുപ്പിൽനിന്ന് രക്ഷപ്പെടാനുള്ള കമ്പിളിപുതച്ച് വില്യംസ് ഫ്രെഡ്ഡിയുടെ അടുത്തേക്ക് മുടന്തി വന്നു. അയാൾ ചോദിച്ചു.
"പപ്പയെ കാത്തിരിക്കുകയാണോ മോൻ ?"
അല്ലെന്നു ഫ്രെഡ്ഡി തലയാട്ടി
അവിടെയുള്ള കസേരയിലേക്ക് ചാഞ്ഞുകൊണ്ട് വില്യംസ് പറഞ്ഞു
" അകത്തു പോയി കിടന്നോ.. നല്ല മഞ്ഞുണ്ട്. സുഖമില്ലാണ്ടാവും."
അവിടെ നിന്നെഴുന്നെറ്റ് അയാളോടു ചേര്‍ന്ന് നിന്നുകൊണ്ട് ഫ്രെഡ്ഡി നിഷ്കളങ്കമായി തിരക്കി
"അപ്പാപ്പാ ഈ സാന്റാക്ലോസ്‌ ശരിക്കും ഉണ്ടോ ? " ഈ ചോദ്യം വില്യംസിനെ അമ്പരപ്പിച്ചു.

ന്യു യോര്‍ക്ക് സൺ പത്രത്തിൽ വന്ന എട്ടുവയസ്സുകാരി വെര്‍ജീനിയയുടെ അതേ മനസ് അയാള്‍ ഫ്രെഡിയിൽ കണ്ടു.  അവൻ  ആരെയാണ് കാത്തിരിക്കുന്നതെന്ന് അപ്പോൾ  വില്യംസിന് മനസ്സിലായി. കഥ മറ്റൊരു വഴിത്തിരിവിലേക്ക് പോകുന്നത് അയാളറിഞ്ഞു. വെര്‍ജീനിയയ്ക്ക്  ന്യുയോര്‍ക്ക് സൺ എഡിറ്റർ  ഇങ്ങനെയാണ് മറുപടിയെഴുതിയത് "തീര്‍ച്ചയായും വെര്‍ജീനിയ, സാന്റാക്ലോസ്‌ എന്ന ഒരാളുണ്ട് " വില്യംസ് അതുപോലെതന്നെ ഫ്രെഡ്ഡിയോടും പറഞ്ഞു
" ഉണ്ട് ഫ്രെഡ്ഡിക്കുട്ടാ സാന്റാക്ലോസ് ശരിക്കും ഉണ്ട്."
ഫ്രെടിയുടെ മുഖത്ത് ആയിരം പൂത്തിരികള്‍ വിരിഞ്ഞു.

പക്ഷേ  ഉണ്ണിയേശുവിന്റെ ജനനകഥയിലൂടെ   അവനെ സാന്റായിൽ  നിന്ന് തട്ടിയെടുക്കാനുള്ള വില്യംസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ച  പോലെ അയാൾ അകത്തേക്ക് പോയി ജോര്‍ജിന്റെ നമ്പർ  ഡയൽ ചെയ്തു

"മോനെ ഇന്ന് വരുമ്പോ നീ ഒരു ഗിഫ്റ്റ് വാങ്ങണം എന്തെങ്കിലും.... എന്തെങ്കിലും... മതി.. അത് ഗിഫ്റ്റ്  റാപ്പരിൽ വൃത്തിയായി പൊതിഞ്ഞു വാങ്ങണം. മുകളിൽ സാന്റാസ് ഗിഫ്റ്റ് ടു ഡിയർ ഫ്രെഡ്ഡി എന്നെഴുതണം "

ഇതു കേട്ട് ലൂസി ചിരിച്ചു. കണ്ണിറുക്കിക്കാണിച്ചു കൊണ്ട് വില്യംസ് ഫ്രെഡ്ഡിയുടെ അടുത്തേക്ക് നീങ്ങി. അവനപ്പോഴും സാന്റയെ കാത്തിരിക്കുന്നു. വില്യംസ് കഥകളിലേക്ക് തിരിഞ്ഞു.
"സാന്റാ വികൃതി കുട്ടികള്‍ക്ക് സർപ്രൈസ് ഗിഫ്റ്റാണ് കൊടുക്കാറ്. ഒളിച്ചിരുന്ന് കാര്യം നടത്തിയിട്ട് ആരും കാണാതെ  പോയ്ക്കളയും."
അപ്പോഴേക്കും ജോര്‍ജിന്റെ കാർ ഗേറ്റ് കടന്നു കാര്‍പോര്‍ച്ചിലേക്ക് നിരങ്ങി നിന്നു. ജോര്‍ജ് അകത്തേക്ക് വന്നു. കൂട്ടുകാരുമായി ക്രിസ്മസ് ആഘോഷിച്ചതിന്റെ ഗന്ധം മുറിയിലെങ്ങും പരന്നു. വിവശനായി അയാള്‍ സോഫയിലേക്ക് വീണു. വില്യംസ് ബദ്ധപ്പെട്ടു ജോര്‍ജിന്റെ അരികിലെത്തി. ജോര്‍ജിന്റെ മുഖത്ത് നിര്‍വികാരത മാത്രം കണ്ടു വില്യംസ് ചോദിച്ചു .
"എടാ ഞാൻ പറഞ്ഞത് നീ വാങ്ങിയോ ?"
ഒന്നുമറിയാത്തതുപോലെ ജോര്‍ജ്  പ്രതികരിച്ചു "എന്ത് ?"
"ഗിഫ്റ്റ്"
"ഓ അത് മറന്നു." നിസാരമായി അയാൾ പറഞ്ഞവസാനിപ്പിച്ചു. വില്യംസിന്റെ മുഖം വിവര്‍ണ്ണമായി...
"അപ്പാപ്പനും മോനും കൂടി സാന്റായുടെ കഥ പറഞ്ഞു കളിക്കുവായിരുന്നു. അതിനാ ഈ ഗിഫ്റ്റ്.." ലൂസി സാഹചര്യം വിവരിച്ചു കൊടുത്തു
"ഓ അത്രേയുള്ളോ.. പപ്പായ്ക്ക് വേറെ പണിയില്ലേ. വെറുതേ പിള്ളേരുമായി കളിച്ചു ബാക്കിയുള്ളവരുടെ ടൈം വെറുതേ കളയും"
അയാളോട് കൂടുതൽ സംസാരിക്കുനതിലര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയ വില്യംസ് വീണ്ടും ഫ്രെഡ്ഡിയുടെ അരികിലേക്ക്  നടന്നു.
ഫ്രെഡ്ഡി ചോദിച്ചു. "അപ്പാപ്പാ ഇതുവരെ സാന്റാ വന്നില്ലല്ലോ ?"
ആ ചോദ്യത്തിന് ഇനി വില്യംസിന്റെ കയ്യിൽ  ഉത്തരമില്ല. കഥകൾ  വെറും കഥകൾ മാത്രമാണ്. ജീവിതവുമായി അതിനു പുലബന്ധം പോലുമില്ല. ഉണ്ണിയേശു, സാന്റാ, ദൈവം എല്ലാം വെറും കഥകൾ... അതൊന്നും ഫ്രെഡ്ഡിക്കുമനസ്സിലാവില്ല. അവൻ അങ്ങനെ വളരട്ടെ... അവന്റെ മനസ്സിലെങ്കിലും നന്മയുണ്ടാവട്ടെ. വില്യംസ് ഫ്രെഡ്ഡിയെ അരികില്‍ വിളിച്ചു.
"മോനിങ്ങ് വാ"
ഫ്രെഡ്ഡി അയാളോട് ചേര്‍ന്നുനിന്നു
"ഉണ്ണിയേശുവിനെ പ്രാർത്ഥിക്കണം. നിക്കോളാസിന്റെ കഥ അപ്പാപ്പൻ പറഞ്ഞുതന്നില്ലേ. അതുപോലെ ഉണ്ണിയേശു സാന്റായെ അയക്കും."
അവനെ നെഞ്ചിൽ കിടത്തി വില്യംസ് വീണ്ടും കഥകളുടെ കെട്ടഴിച്ചു. ബത് ലഹേമിലെ പുല്‍ക്കൂട്ടിൽ ഉണ്ണിയേശു പിറന്നു. ഇടയര്‍ക്കു വഴി കാട്ടാൻ വാനിൽ ഒരു നക്ഷത്രം വിരിഞ്ഞു. തമ്മിൽ തമ്മിൽ കലഹിക്കാത്ത മിണ്ടാപ്രാണികളെ സാക്ഷിയാക്കി  ലോകത്തിൽ ഒരു നന്മ കൺതുറന്നു. ഫ്രെഡ്ഡിയുടെ കണ്ണുകള്‍ക്ക് ഭാരം കൂടിക്കൂടി വന്നു. അപ്പാപ്പന്റെ നെഞ്ചിന്റെ താളം അവനൊരു താരാട്ടായി. പ്രതീക്ഷയുടെ പുതിയൊരു  പുലരിയിലേക്ക് അവൻ മെല്ലെ കണ്ണുകളടച്ചു

വില്യംസ് പറഞ്ഞു. "ലൂസീ... മോനുറങ്ങി അവനെ എടുത്തു കിടത്തിക്കോ"
ലൂസി ഫ്രെഡ്ഡിയെ എടുത്തു.  ജോര്‍ജ് അപ്പോഴും മദ്യലഹരിയിൽ തന്നെ എന്തൊക്കെയോ പിറുപിറുക്കുന്നു.  അത് മുതിര്‍ന്നവന്റെ ക്രിസ്ത്മസ്, അറിവുള്ളവന്റെ ക്രിസ്ത്മസ്. വില്യംസ് തന്റെ മുറിയിലേക്ക് നീങ്ങി. ഇടനെഞ്ചിൽ ഒരു വേദന അയാളെ അലട്ടി. ഫ്രെഡ്ഡിയുടെ ചോദ്യം അപ്പോഴും കാതുകള്‍ക്കരികിൽ  മുഴങ്ങി.
"അപ്പാപ്പാ ഈ സാന്റാക്ലോസ്‌ ശരിക്കും ഉണ്ടോ ? "
കഥ നുണയായിരുന്നു എന്നു തോന്നിയാൽ അവൻ പിണങ്ങും. പിന്നെ ഈ വലിയ വീട്ടിൽ താനൊറ്റയ്ക്കാവും. അവനാണ് ആകെക്കൂടി തന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന മനുഷ്യജീവി. ഈ  ജീവിതം കൊണ്ട് ചെയ്തുതീര്‍ക്കാൻ ഇനിയൊന്നുമില്ല എന്ന് വില്യംസിന് തോന്നി. പ്രിയതമയുടെ ഓര്‍മ്മകൾ അയാളെ അലട്ടി.
"ജീസസ് എന്തിനു നീ എന്നെ മാത്രം ഇങ്ങനെ..."  അയാൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി. നെഞ്ചിലെ വിഷമം കൂടി വരുന്നു. നന്നേ ബുദ്ധിമുട്ടി അയാൾ കട്ടിലിൽ ഇരുന്നു. വിറയ്ക്കുന്ന കൈകൾ മേശപ്പുറത്ത് ഇൻഹെയ്ലർ പരതി. അരികിലിരുന്നിരുന്ന കണ്ണട താഴെ വീണു ചിതറി.

ഫ്രെഡ്ഡി അവന്റെ മുറിയിൽ  കണ്ണുതുറന്നു കിടക്കുകയാണ് പ്രതീക്ഷയോടെ ..  ഉണര്‍ന്നതെപ്പോഴെന്നു അറിയില്ലെങ്കിലും  അപ്പാപ്പൻ ഉറങ്ങിക്കാണും എന്ന് അവനറിയാം. രാത്രി ഏറെ വൈകി. അതുവരെയും സാന്റാ വന്നില്ല.  ചിമ്മിനിയിലൂടെ അവൻ  ആകാശത്തേക്കുനോക്കി. വഴികാട്ടിനക്ഷത്രം അവിടെത്തന്നെയുണ്ട്‌. അപ്പാപ്പൻ നുണപറയില്ല. പിന്നെന്താണ് സാന്റാ വരാത്തത് ? ഉണ്ണിയേശുവിനെ പ്രാര്‍ഥിച്ചതാണല്ലോ ഫ്രെഡ്ഡിയെ ഫ്രെഡ്ഡിയെ സാന്റായ്ക്ക് ഇഷ്ടമല്ലേ ?

പൊടുന്നനെ ആ വഴികാട്ടി നക്ഷത്രം  അവനെ നോക്കി ഒന്ന് കണ്ണിറുക്കി. അതാ തന്റെ വാതിലിൽ ആരോ മുട്ടുന്നുണ്ട്. ഫ്രെഡ്ഡിയുടെ കണ്ണുകൾ  വിടര്‍ന്നു
'സാന്റാ'
അവൻ  ആവേശത്തോടെ വാതിൽ വലിച്ചു തുറന്നു. പക്ഷേ അവിടെ ആരുമില്ല എവിടെനിന്നോ ഒരപ്പൂപ്പൻതാടി വാതിലിനിടയിലൂടെ പറന്ന് അകത്തേക്ക് വന്നു.  നിരാശയോടെ വാതിൽ വലിച്ചടച്ച്  അവൻ പിന്നിലേക്ക് നടന്നു.  ഫ്രെഡ്ഡി വീണ്ടും കിടന്നു നക്ഷത്രം അപ്പോഴും അവിടെത്തന്നെയുണ്ട്. തോന്നിയതാവും. അവൻ മെല്ലെ കണ്ണുകളടച്ചു. അല്ല തോന്നിയതല്ല ഒരപ്പൂപ്പൻതാടി അവനെ സ്പര്‍ശിക്കുന്നുണ്ട്‌ സാന്റായുടെ ചുവപ്പുതൊപ്പിക്കു മുകളിൽ ആ അപ്പൂപ്പൻതാടി ഫ്രെഡ്ഡി കണ്ടിട്ടുണ്ട്. മാത്രമല്ല തന്റെ മുറി മുഴുവൻ ആരോ വര്‍ണ്ണനൂലുകളാൽ അലങ്കരിച്ചിരിക്കുന്നു. അവൻ പിടഞ്ഞെണീറ്റു. അരികിൽ സാന്റായുണ്ട്. അപ്പാപ്പൻ പറഞ്ഞതുപോലെ തന്നെ ചുവന്ന കമ്പിളിക്കുപ്പായവും കയ്യിൽ ഒരു തുകൽസഞ്ചിയും നീളൻ തൊപ്പിയും മുഖം മൂടിയും വെച്ച സാന്റാക്ലോസ് . ഫ്രെഡ്ഡി ചോദിച്ചു "എന്താ വൈകിയേ വരാൻ. എത്ര നേരായി കാത്തിരിക്കുന്നു ?" സാന്റാ ചിരിച്ചതേയുള്ളൂ.
 "അപ്പാപ്പൻ എന്നോട് എല്ലാ കഥയും പറഞ്ഞിട്ടുണ്ട്. "വീണ്ടും സാന്റാ ചിരിച്ചു. ഫ്രെഡ്ഡി ആകാംക്ഷയോടെ തുകൽസഞ്ചിയിലേക്ക് നോക്കി "എവിടെ ന്റെ ഗിഫ്റ്റ് ?"
സാന്റാ പറഞ്ഞു "അപ്പാപ്പൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നല്ലേ പറഞ്ഞേ... ലിറ്റിൽ ഫ്രെഡ്ഡിക്കുള്ള ഗിഫ്റ്റ് ഇതിലില്ല."
 ഫ്രെഡ്ഡിയുടെ മുഖം മ്ലാനമായി. സാന്റാ തുടര്‍ന്നു  "വിഷമിക്കല്ലേ വികൃതിക്കുട്ടാ... അത് ഫ്രെഡ്ഡിക്കുട്ടന്റെ മുറിയിൽത്തന്നെ ഒരിടത്ത് ഒളിച്ചുവെച്ചിട്ടുണ്ട്."
"എവിടെ?" ഫ്രെഡ്ഡിക്ക് ആകാംഷയായി.
"അത് ഇപ്പൊ നോക്കിയാൽ കാണില്ല.  ക്രിസ്മസ് ഗിഫ്റ്റാണ്  രാവിലെയേ നോക്കാവൂ."
"എന്നാലും ഒരു ക്ലു തരോ സാന്റാ അല്ലെങ്കിൽ ഞാനെങ്ങനെ കണ്ടുപിടിക്കും?"
സാന്റാ താടി തടവി
"ശരി.. ഫ്രെഡ്ഡിയൊന്നു കണ്ണടച്ചേ. ഞാൻ പറഞ്ഞിട്ടേ തുറക്കാവൂ ട്ടോ"
 ഫ്രെഡ്ഡിക്ക് സമ്മതം അവൻ കണ്ണുകൾ  ഇറുക്കിയടച്ചു. കുറച്ചുകഴിഞ്ഞിട്ടും സാന്റാ മിണ്ടുന്നില്ല അവൻ പതുക്കെ കണ്ണുതുറന്നു. മുറിയിൽ സാന്റാക്ളോസില്ല, വര്‍ണ്ണനൂലുകളില്ല, അപ്പൂപ്പൻതാടിയുമില്ല. എല്ലാം മാഞ്ഞുപോയിരുന്നു. അവനു വിഷമം  തോന്നിയില്ല കാരണം സാന്റാ നന്ദി പറയുന്നത് കേള്‍ക്കാൻ നില്‍ക്കില്ലാ എന്ന് അപ്പാപ്പൻ പറഞ്ഞ കഥയിലുണ്ട്. അവൻ ആകാംക്ഷയോടെ കിടന്നു.
-------------------------------------------
"ഹാപ്പി ക്രിസ്ത്മസ് അപ്പാപ്പാ ..."
പിറ്റേന്ന് രാവിലെ ഫ്രെഡ്ഡിയാണു അപ്പാപ്പനെ വിളിച്ചുണര്‍ത്തിയത്  അവന്റെ മുഖം ഉദയസൂര്യനെപ്പോലെ തിളങ്ങിനിന്നിരുന്നു. വില്യംസ്  നന്നേ ബുദ്ധിമുട്ടി എഴുന്നേറ്റിരുന്നു. അപ്പോഴേക്കും ഫ്രെഡ്ഡി വാക്കിംഗ് സ്റ്റിക്കുമായെത്തി. അയാൾ  തിരിച്ചും വിഷ് ചെയ്തു "ഹാപ്പി ക്രിസ്മസ് ഫ്രെഡ്ഡിക്കുട്ടാ... " അവൻ അപ്പാപ്പന്റെ കട്ടിലിൽ മുട്ട് കുത്തിനിന്ന് കവിളിൽ ഒരുമ്മ കൊടുത്തു.
"താങ്ക്സ് അപ്പാപ്പാ" വില്യംസ് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു
" ഇന്ന് മോൻ നല്ല സന്തോഷത്തിലാണല്ലോ  "
വില്ല്യംസിന്റെ കാതിനരികിലെത്തി വളരെ രഹസ്യമായി ഫ്രെഡി പറഞ്ഞു.
"അപ്പാപ്പൻ പറഞ്ഞപോലെ ഇന്നലെ രാത്രി സാന്റാ വന്നു." വില്യംസ് അത്ഭുതത്തോടെ ഫ്രെഡ്ഡിയെ നോക്കി
" ആഹാ എന്നിട്ട്  എന്ത് പറഞ്ഞു ന്റെ കുട്ടനോട് ?"
" എനിക്ക് ഗിഫ്റ്റ് ഉം തന്നു അപ്പാപ്പാ "
 അവൻ പോക്കറ്റിൽ നിന്നും ഒരു ക്രിക്കറ്റ് ബോൾ  പുറത്തെടുത്തു.
"ദേഎന്റെ മിസ്സായ ബോൾ. അത് സാന്റാ കൊണ്ടുത്തന്നു. ഞാനൊരു വികൃതിക്കുട്ടിയായതോണ്ട് ന്റെ കയ്യിൽ തന്നില്ല റൂമിൽ ഒരിടത്ത് ഹൈഡ് ചെയ്തു വെച്ചു." അപ്പാപ്പൻ കഥപറഞ്ഞു തന്നതോണ്ടാ എനിക്ക് ആ പ്ലേസ് കണ്ടു പിടിക്കാൻ പറ്റീത്." ഒന്നും മനസ്സിലാവാതെ വില്യംസ് ഫ്രെഡ്ഡിയെ നോക്കി.
"പറ അപ്പാപ്പാ അപ്പാപ്പനറിയില്ലേ എവിടെയാ ന്റെ ഗിഫ്റ്റ് സാന്റാ ഹൈഡ് ചെയ്തത് ന്ന് ?"
" മോൻ തന്നെ പറ അപ്പാപ്പനെങ്ങനാ അറിയാ..."
"ശ്ശൊ  അപ്പാപ്പാ സാന്റാ എവിടെയാ വികൃതിക്കുട്ട്യോൾക്കുള്ള ഗിഫ്റ്റ് ഒളിപ്പിക്കുക ?... പറ അപ്പാപ്പാ "
"മോൻ തന്നെ പറ "
"നിക്കോളാസിന്റെ കഥയിൽ ഇളയമോള്‍ക്ക് എവിടുന്നാ ഗിഫ്റ്റ് കിട്ടിയേ ? എന്റെ പഴേ ഷൂ റൂമിൽ കട്ടിലിന്റെ അടീൽ സ്റ്റാന്‍ഡിൽ ഉണ്ടായിരുന്നു അതിന്റെ ഉള്ളിൽ ണ്ടായിരുന്നു ഗിഫ്റ്റ്. 
വില്യംസിന്റെ കണ്ണുകൾ  വിടര്‍ന്നു.
"അപ്പാപ്പാ ഞാൻ കളിക്കാൻ പോവാ ഇന്നും എനിക്ക് കഥ പറഞ്ഞു തരണം."

ഫ്രെഡ്ഡി ഓടിയകലുമ്പോൾ വില്യംസ് ഫ്രെഡ്ഡിയുടെ മനസ്സിൽ സ്വപ്നവും യാഥാത്ഥ്യവും  തമ്മിലുള്ള അന്തരം തിരയുകയായിരുന്നു. ഫ്രെഡ്ഡിയുടെ ജീവിതത്തിലെ യാദൃശ്ചികതയുമായി നിക്കോളാസിന്റെ കഥയ്ക്കുള്ള ബന്ധവും. അതയാള്‍ക്ക് ഒരിക്കലും മനസ്സിലാവാനിടയില്ല. മനസ്സിലാവണമെങ്കിൽ അയാൾ  ഫ്രെഡ്ഡിയോളം ചെറുതാവണം അല്ല ഫ്രെഡ്ഡിയോളം വലുതാവണം....  


4 comments:

  1. നിഷ്ക്കളങ്കമായ ബാല്യം ഓര്‍മിപ്പിക്കുന്നു..നല്ല കഥ...:)

    ReplyDelete
  2. ഇതാണ് കഥ....................

    ReplyDelete