Wednesday, January 1, 2014

ഇങ്ങനെയും ഒരു പുതുവര്‍ഷം



ന്യുയര്‍ പക്ഷി ചിലച്ചു, കിഴക്ക് നിന്നും വന്ന മഞ്ഞത്തൊപ്പി വെച്ച ദിവാകരന്‍ നായ പതിവ് വിഡ്ഢിച്ചിരി ചിരിച്ചു. കുനിഞ്ഞു മുറ്റമടിക്കുകയായിരുന്ന കാക്കത്തമ്പുരാട്ടി ഉടനേ മാക്സി പുറകിലേക്ക് വലിച്ചു മാറു മറച്ചു. മൾട്ടി ലെവൽ മാർക്കറ്റിങ് കാരായ  സുപ്രന്‍ കുറുക്കനും ശങ്കരന്‍ ചെന്നായയും പതിവ് പോലെ ടൈകെട്ടി ഇര തേടാനിറങ്ങി. തങ്കപ്പന്‍ അണലി തലപൊക്കാന്‍ പറ്റാതെ റോട്ടില്‍ കിടപ്പുണ്ട്. ഒരു സമാധാനവും കിട്ടാതെ അമ്മിണിപ്പ്രാവ് പിറുപിറുത്തുകൊണ്ട് മുറ്റത്ത് അങ്ങോട്ടു മിങ്ങോട്ടും ഉലാത്തുന്നു. കാരണം മറ്റൊന്നുമല്ല ലാപ്ടോപ്പ് മാറോടടുക്കി ചെവീല്‍ ഹെഡ് സെറ്റും തിരുകി സുന്ദരി മൈന കോളെജിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പള്‍സറില്‍ പറക്കുന്ന സുരേഷ് പൂവന്‍ കോഴിക്ക് ഇന്നും 'പെട' കിട്ടും. കുളിക്കടവില്‍ ദേവകിത്താറാവും കൂട്ടരും പതിവ് സാധകം. അതുകൊണ്ടാണോ ആവോ ചങ്കരനണ്ണാന്‍ രാവിലേ തന്നെ തെങ്ങേ കേറാന്‍ ശ്രമിക്കുന്നുണ്ട്. പൂച്ച സന്യാസി വില്ലേജ് ആപ്പീസറുടെ സീറ്റിലിരുന്നു പതിവുപോലെ ഉറക്കം തൂങ്ങി. കുരങ്ങച്ചന്‍ കവി ഫേസ് ബുക്കില്‍ മൂന്ന് നേരവും മുടങ്ങാതെ കവിതയെഴുതി. ഇതിനിടയില്‍  ഉമ്മറത്തിരുന്നു മുറുക്കാന്‍ ചവച്ചുകൊണ്ട് മുന്തിരി മരം കൊത്തി തെക്കന്‍ കേരളത്തിലുള്ള ആരെയോ തെറി പറഞ്ഞത് ആരും ശ്രദ്ധിച്ചിട്ടില്ല. കീരി ബാബു ഫ്രം സെന്‍ട്രല്‍ ജയില്‍ ഇന്നും പന്ത്രണ്ട് ആന്റിമാര്‍ക്ക് എഫ് ബി റിക്വസ്റ്റ് അയച്ചു .

പരമ്പരാഗത ചക്കാട്ടുകാരനായ മണിയന്‍ കാളയുടെ പിന്ഗാമികലായ സെക്കന്റു കുഞ്ഞാപ്പി വേഗത്തിലും  മിനിറ്റ് മാത്തപ്പന്‍ മേല്ലെയും മണിക്കൂറു കണാരന്‍ മുടന്തിയും ചക്കിനു ചുറ്റും വട്ടം കറങ്ങി


 ന്യു യര്‍ ആണത്രേ... ന്യു യര്‍. എല്ലാം പതിവുപോലെ... എന്താണ് വ്യത്യാസം ? 

ആക്രിക്കാരന്റെ പേപ്പറ് കെട്ടിനു മുകളിളിരുന്നു കരഞ്ഞുകൊണ്ട് ഒരു പഴയ കലണ്ടര്‍ മാത്രം പടിയിറങ്ങിപ്പോയി...

2 comments:

  1. സത്യമായ കാര്യം.... എല്ലാം പഴയതു പോലെ.... പുതിയത് എന്താന്ന് വെച്ചാല്‍ കലണ്ടര്‍ മാത്രം....
    ...
    ഏതായാലും കഥ നന്നായിരിക്കുന്നു.....
    നന്മകള്‍ നേരുന്നു......

    ReplyDelete
  2. മിനിറ്റും മണിക്കൂറുകളും മടിയന്മാരും....:) കൊള്ളാം..എഴുത്ത് തുടരൂ..ആശംസകള്‍

    ReplyDelete