Wednesday, March 12, 2014

അറുപത്തിനാല് വരികള്‍

കാലവും മാറി കവിതയും മാറിയിന്നെ -
എഫ് ബിയില്‍ SLR* ഉത്സവമായ്
പോത്തിന്‍ പുറം ഫാഷനൌട്ടായി, കാലനും
റോയല്‍ എന്‍ ഫീല്‍ഡില്‍ കവര്‍ പിച്ചറായ്

കാട്ടിലും മേട്ടിലും കോക്കനട്ട് ട്രീയിലും 
ക്യാമറാ മാമന്റെ ഷോട്ട് ഫിലിം പ്ലേ..
തെങ്ങേക്കരേറുവാന്‍ പാക്കരന്‍ ചേട്ടനും
പീറ്റര്‍ ഇംഗ്ലണ്ടിന്റെ ജെട്ടി വേണം

ഗോകുലബാലന്റെ ഗോപികമാരെല്ലാം
ഫാഷന്‍ പരേഡിന്റെ പോസ്റ്റിടുന്നു 
പാല്‍ക്കുടം പേറേണ്ട ബട്ടക്സിലിന്നൊരു
സ്കോര്‍പിയന്‍ ടാറ്റൂ ചിരിച്ചിടുന്നൂ


ആയിരം നാവുള്ളോരമ്മിണിപ്പെണ്ണിനെ
ക്കോലുനാരായണന്‍ ലൈക്കടിച്ചു.
തോണ്ടിത്തുറക്കുമൊരാമാടപ്പെട്ടിയില്‍ 
പിറ്റേന്നു 3GP* ക്ലിപ്പു വന്നു 

മാബലിത്തമ്പുരാന്‍ വാണൊരു കാലത്ത് 
വ്യാധികളാധികളൊന്നുമില്ലാ
'ഈ കൊളി' * ത്തമ്പുരാന്‍ വാഴുന്ന കാലത്ത്
വ്യാധിയൊഴിഞ്ഞൊരു നേരമില്ല.

മൂവന്തി നേരത്ത് മൊസ്കിറ്റോ ലേഡി തന്‍
ഭാവനാ സാന്ദ്രമാം പാട്ടിനൊപ്പം
പൈപ്പിലൂടെത്തുന്ന പ്യുരിഫൈഡ് വാട്ടറില്‍
കൂത്താടി ബോയ്സ് ന്‍റെ ലുങ്കി ഡാന്‍സും 

അമ്പതു രൂപയ്ക്ക് ഫിഷ്‌ കറി മീല്‍സില്‍ നിന്ന -
അയല സാമ്രാട്ടിന്റെ വാനിഷിംഗ് ഷോ 
എട്ടു രൂപയ്ക്കൊരു ലൈം സോഡവാങ്ങിയാല്‍
തൊട്ടുനക്കാന്‍ ഫ്രീയൊരെട്ടുകാലി

ന്യുജനറേഷന്റെ കഞ്ചാവ് ടാക്കീസില്‍ 
ബിറ്റ് പടങ്ങള്‍ കളിച്ചിടുമ്പോള്‍
പുഷ്ക്കരന്‍ പാറ്റയും മാധവൻ മൂട്ടയും 
മാറ്റിനിട്ടിക്കറ്റ് ക്യുവിലുണ്ട്

ചീനവലയിട്ടറബിക്കടലിന്റെ
ബിക്കിനി റാണിയിളകിയാടി
വാസ്കോടിഗാമെടെ ടോമ്പു കാണാന്‍ വന്ന 
ഫ്രഞ്ചു സായിപ്പിന്റെ കീശ കാലി

മുച്ചക്രവണ്ടിതൻ മീറ്ററിൽ സ്റേബിളായ്
ലെഫ്റ്റിലെയറ്റത്തൊരൊന്നു കൂട്ടി
പട്ടിണിക്കാരന്റെ പെട്രോളു ചട്ടിയില്‍
തോട്ടിയിട്ടംബാനി കാശുവാരി

പൊന്നിന്‍ വിലയുള്ള സബ് സിഡി ഗ്യാസിന്‍റെ
നീല നയനം ചുവന്നു ചൊല്ലീ..
"തട്ടു കടയിലെത്തട്ടിന്‍ മുകളിലെ
ച്ചുണ്ടെലിക്കുഞ്ഞിന്നു കഞ്ഞിയില്ലാ "

വോട്ടു പിടിക്കുവാനോട്ടച്ചിരിയുമായ്
പ്പഞ്ചവര്ശേശ്വരന്‍ വന്ന നേരം
കേട്ട് മടുത്തവര്‍ കണ്ടു വെറുത്തവര്‍
തൊപ്പിയും ചൂലുമെടുത്തു കാട്ടി...

വന്‍ തറവാട്ടിലെ ശ്രേഷ്ഠരാം മങ്കമാര്‍
സൂര്യനെ വിറ്റ് കളിച്ചിടുമ്പോള്‍
പത്തിലും നൂറിലും ആയിരം കെട്ടിലും
നിര്‍മ്മലം ഗാന്ധി ചിരിച്ചിടുമ്പോള്‍

കീഴെത്തെരുവിലെക്കുഞ്ഞു കണ്‍ കോണുകള്‍ 
കുപ്പയില്‍ വറ്റ് തിരഞ്ഞിടുമ്പോള്‍
ധീരജവാന്‍ തന്റെ പാതിമെയ്യായവള്‍
പെന്‍ഷന് വേണ്ടിക്കരഞ്ഞിടുമ്പോള്‍

ആര്‍ത്തട്ടഹാസങ്ങള്‍ വേണ്ടയെന്‍
ചാരെയായ് നാളെ തന്‍ താരകം ചായുറങ്ങീ
പാവമൊരച്ഛന്റെ നോവുന്ന നെഞ്ചിന്റെ
താളം ശ്രവിച്ചവന്‍ ചാഞ്ഞുറങ്ങി

എന്തിനി ബാക്കിയുണ്ടിന്നവനേകുവാന്‍
പുഞ്ചിരി മാത്രം വിരിഞ്ഞുകാണാന്‍ ?
എന്തിനു നേരെ നാം കൈ വിരല്‍ ചൂണ്ടണം
നിര്‍മ്മല സ്നേഹംപറഞ്ഞു നല്‍കാന്‍?

------------------------------

*SLR - ഒരിനം പ്രൊഫഷണല്‍ ക്യാമറ...
*3GP - ഫോണുകളി ലെ വീഡിയോ ഫോര്‍മാറ്റ്...
*ഇ കോളി - വിസര്‍ജ്യവസ്തുക്കളില്‍ കണ്ടുവരുന്ന ബാക്ടീരിയ

No comments:

Post a Comment