Sunday, May 4, 2014

ഓണ്‍ലൈൻ കോഴികൾ



എന്നും അപൂര്‍ണ്ണമായ ഒരു ഉത്തരാധുനിക കാവ്യം പോലെ - പ്രഭാതം. ഉറക്കമുണര്‍ന്ന ഫേസ്ബുക്ക് കവി 'സുപ്രന്‍ മാഞ്ചോട്ടില്‍' മൂരി നിവര്‍ന്ന് കണ്ണും തിരുമ്മി നീട്ടി ഒരു 'കവിത' വിട്ടു. ഇതുകേട്ട് ആളുണര്‍ന്നു എന്നറിഞ്ഞ ഭാര്യ തങ്കമണി കയ്യില്‍ ആവി പറക്കുന്ന ഒരു കപ്പ് കട്ടന്‍ 'കവിത'യുമായി വന്നു. സുപ്രന്‍ അതു വാങ്ങി മേശപ്പുറത്തു വെച്ചു. അവളുടെ ചുണ്ടില്‍ മറ്റൊരു മനോഹര 'കവിത' വിരിഞ്ഞു നിന്നിരുന്നു. അതിനു മുഖം കൊടുക്കാതെ അയാള്‍ പ്രാഥമീക 'കവിത'കള്‍ക്കായി ഫേസ്ബുക്കിലേക്ക് പോയി. സുപ്രന്റെ ഈ ചെയ്തി തങ്കമണിയെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ 'കവിത' വാടി. കട്ടന്‍ 'കവിത' ചൂടാറി.

എന്തുമേതും കവിതകളായി വിലയിരുത്തപ്പെടുന്ന ഇ (e) ലോകത്ത് സാധാരണ സംസാരത്തിന്റെ പ്രധാന വാക്കുകള്‍ മാറ്റി അതുമായി പുലബന്ധമില്ലാത്ത മറ്റേതെങ്കിലും വാക്ക് ഡിക്ഷ്ണറി നോക്കിയെഴുതിയാല്‍ ശക്തവും ഉജ്ജ്വലവുമായ ആധുനീക കവിതയായി എന്ന് ഫേസ്ബുക്ക് ഗുരു സുപ്രനെ പഠിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ കുടുംബബന്ധങ്ങളിലുളവാക്കുന്ന മൂല്യച്ചുതിയും സാഹിത്യകാരുടെ പൊതുദൌര്‍ബല്യമായ കോഴിത്തരവുമായിരുന്നു ഇന്നു സുപ്രന്റെ കവിതാവിഷയങ്ങള്‍.

സാധകം കഴിഞ്ഞു പ്രാതലിനു തങ്കമണി വിളമ്പിയ സ്ഥിരം 'കവിത'കളെ നഖശിഖാന്തം വിമര്‍ശിച്ച്, വേലക്കാരി ദാക്ഷായിണിയുടെ പ്രൈവറ്റ് വാളില്‍ ആരും കാണാത്ത ഒരു 'കള്ളക്കവിത'യുമെഴുതി സുപ്രന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.

വഴിയില്‍ കവി കണാരന്റെ ഹോം പേജില്‍ ബിക്കിനിയിട്ട ന്യുജന്‍ 'കവിത' കാത്തു നിന്നിരുന്നു. 'കവിത'യുടെ താളം തെറ്റിയ ചാഞ്ചാട്ടം സുപ്രനെ വല്ലാതെ ആകര്‍ഷിച്ചു. അയാളുടെ അന്തക്കരണത്തില്‍ നിന്ന് നഗ്നമായൊരു ഹൈക്കു* 'കവിത' പുറത്തു ചാടി. നൈറ്റ് അണ്‍ലിമിറ്റഡ് കണക്ഷനുള്ള കണാരന്‍ രാവിലെ എട്ടു മണി കഴിഞ്ഞാല്‍ ലോഗ് ഔട്ട്‌ ആവുമെന്നും അതിനുശേഷം free ആയിരിക്കുമെന്നും 'കവിത'യുമായി സുപ്രന്‍ സംവദിച്ചു. ബാങ്ക് അക്കൌണ്ട്ല്‍ നിന്നും കനമുള്ള 'കവിത'കള്‍ മുടക്കി സുപ്രന്‍ കണാരന്റെ വാള്‍ സബ്സ്ക്രൈബ് ചെയ്തു.

ഷാപ്പ്‌ 'കവിതാ' ഗ്രൂപ്പിലെ വാളില്‍ പ്രഭാകരന്‍ കവി എട്ടു വട്ടം വാള് വച്ചപ്പോള്‍ സുപ്രന്‍ കമ്പിവേലി കവച്ചു കണാരന്റെ ഹോം പേജില്‍ കടന്നു. നിര്‍ഭാഗ്യവശാല്‍ ജെട്ടിയില്‍ നിന്ന് വാങ്ങിയ പുതിയ 'കവിത' വേലിയിലുടക്കി കീറിപ്പോയി. ശബ്ദം കേട്ട് കണാരന്റെ രണ്ടു അല്‍സേഷ്യന്‍ 'കവിത'കള്‍ കുരച്ചുകൊണ്ടു ചാടി വീണു. താളനിബന്ധമായ ചില പ്രത്യേകതരം ആധുനീക 'കവിത'കള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ട് സുപ്രന്‍ വാളിനു ചുറ്റും ഓടിനടന്നു . എന്തിനേറെ പറയുന്നു സുപ്രന്റെ ശേഷിച്ച എല്ലാ 'കവിത'കളും അവര്‍ നിര്‍ദാക്ഷിണ്യം കടിച്ചു കീറിക്കളഞ്ഞു . അവശകലാകാരനായ സുപ്രനെ ആരോ ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ ചേര്‍ത്തു. അവിടുത്തെ അഡ്മിന്‍ ഗബ്രിയേല്‍ അയാളുടെ പൊക്കിളിനു ചുറ്റും വേദനാജനകമായ പന്ത്രണ്ടു 'കവിത'കളെഴുതിക്കൊടുത്തു.

കിടപ്പിലായ സുപ്രനെ ഫേസ് ബുക്ക് കവികളാരും തന്നെ തിരിഞ്ഞു നോക്കിയില്ല. സ്വയം തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് അയാളെഴുതിയ നിരാശയുടെ 'കവിത'കള്‍ തങ്കമണി മാത്രം ലൈക്ക് അടിച്ചു. അവളുടെ ചുണ്ടില്‍ അപ്പോഴും ആ പഴയ 'കവിത' വിരിഞ്ഞു നിന്നിരുന്നു. അയാള്‍ക്കുവേണ്ടി മാത്രമെഴുതപ്പെട്ട അവളുടെ കരിം കൂവള'ക്കവിത'കളിലേക്ക് അന്നയാള്‍ പ്രണയാതുരനായി നോക്കി. ഇതുകണ്ട് നാണത്തോടെ അവള്‍ 'കവിത'കളടച്ചു. മുറ്റത്തെ ചക്കരമാവിന്റെ ഉയര്‍ന്ന കൊമ്പില്‍ നിന്ന് ഒരു 'പൂങ്കവിത' പാടി. ഇണ'ക്കവിത' അതേറ്റു പാടി. തന്റെ 'കവിത' ആത്മാര്‍തമായി വായിക്കുന്നത് തങ്കമണി മാത്രമാണെന്ന് അന്ന് സുപ്രന്‍ തിരിച്ചറിഞ്ഞു.

പിന്നീടൊരിക്കലും അയാള്‍ ആരുടെ ഹോമിലും കള്ള'ക്കവിത'യ്ക്ക് പോയിട്ടില്ല.

---------------------------- **------** -------------------

ഹൈക്കു* - വൃത്തതാളനിബന്ധമായ, മൂന്ന് വരിയില്‍ ഒതുങ്ങുന്ന, പ്രാചീന, ജപ്പാനീസ് കാവ്യരൂപം.

1 comment:

  1. കവിതയുമൊരുകഥയും തന്നെ...... :)

    ReplyDelete