Saturday, February 11, 2017

"മാവേലിയെത്തുന്നിടം "

' അക്ഷരച്ചിമിഴ്‌ ' എന്ന ഓൺലൈൻ (ഫേയ്സ്ബുക്ക് )  കൂട്ടായ്മയിലെ ' ഓർമ്മപ്പൂക്കളം ' എന്ന ഓണം ഓർമ്മക്കുറിപ്പുമത്സരത്തിൽ സമ്മാനാർഹമായ രചന. 'വാല്മീകി' (https://valmeeki.com/webreading/3534#chapter-2) എന്ന ഓൺലൈൻ പ്രസിദ്ധീകരണവും രചന പ്രസിദ്ധീകരിച്ചിരുന്നു. 





ഓർമ്മപ്പൂക്കളം  (മാവേലിയെത്തുന്നിടം)

ഓണമെന്നു പറയുമ്പോൾ മനസിലേക്കെത്തുന്നത് വെക്കേഷനും പൂ പറിക്കാൻ കാട് കയറിയതും തോട്ടുവക്കിലൂടെയുള്ള സാഹസികമായ സൈക്കിൾ യാത്രയും മരം കയറ്റവും കാത്തിരിക്കുന്ന ഒത്തുചേരലും പിന്നെ കവലകളിലെ മത്സരങ്ങളും പൂവിളിയും തുമ്പക്കുടവുമൊക്കെത്തന്നെയാണ്. പക്ഷേ ഒരുപാട് നൊസ്റ്റാൾജിയ അവകാശപ്പെടുന്നില്ലെങ്കിലും അതിൽനിന്നും അൽപ്പം വ്യത്യസ്തമായ ഒരു ഓണം ഓർമ്മ ഇവിടെ ഞാനും എഴുതുന്നു...   


എൻജിനീയറിങ് നൂലാമാലകൾ കഴിഞ്ഞു ജോലി കിട്ടാതെ അലഞ്ഞു തിരിഞ്ഞ് വീടിനടുത്തുള്ള ഒരു ചെറിയ 'ഇലക്ട്രോണിക്സ്' കമ്പനിയിൽ എത്തി നിൽക്കുന്ന കാലം, അല്ലെങ്കിൽ ചുമടെടുത്തും തെറി കേട്ടും  എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിക്കൊണ്ടിരുന്ന സമയം. 

ഓണമാണെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അപ്പോഴാണ് അവിചാരിതമായി വലിയൊരു ആശയവും ചുമന്നുകൊണ്ട് അവിടത്തെ അകൗണ്ട്സ് മാനേജരായ  അഖിലേട്ടൻ വന്നത്. സംഭവം ഇതാണ്. വീടിനടുത്തു കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലെ  കുട്ടികൾക്ക് ഒരു 'ഓണസദ്യ' . കേട്ടപ്പോൾ എല്ലാവര്ക്കും കൊള്ളാമെന്നു തോന്നി. അടുത്ത ഘട്ടം വന്നപ്പോഴാണ് പ്രശ്നം "ശമ്പളത്തിന്റെ അമ്പതു ശതമാനം നമ്മൾ അവർക്കുവേണ്ടി മാറ്റി വെക്കുന്നു. സദ്യകഴിഞ്ഞു കൂടുതൽ വരുന്നത് അവിടെ സംഭാവനയും ചെയ്യാം". അൻപത് എന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ട കാര്യമില്ല . കാരണം  ഞങ്ങളുടെ കമ്പനിയിൽ  അത് എക്സ്പീരിയയൻസ് വെച്ച് കുറഞ്ഞത് 2000 വും കൂടിയത്  3000 വുമൊക്കെയാണ്.   നീണ്ട ഡിസ്കഷനു ശേഷം എല്ലാരും അത് സമ്മതിച്ചു.

മഹാ കർക്കശ്ശക്കാരനായ  വേലായുധൻ ചേട്ടനോട് വിലപേശി സദ്യ ഒരിലയ്ക്ക് 75 രൂപ വെച്ച് സമ്മതിപ്പിച്ചു. അഖിലേട്ടൻ അവിടെത്തെ വിശ്വസ്ഥസ്ഥാപനമായതിനാൽ അഡ്വാൻസ് വേണ്ടി വന്നില്ല. അങ്ങനെ ഞങ്ങൾ പത്ത് പേർ അഞ്ചു ബൈക്കുകളിലായി  സദ്യവട്ടങ്ങളും ചുമന്നുകൊണ്ടു വലിയൊരു  കാര്യം ചെയ്യാൻ പോകുന്ന ഭാവത്തിൽ  അവിടേക്ക് യാത്രയായി. സിസ്റ്റർമാർ ഓർഫനേജിന്റെ മുന്നിൽ ഞങ്ങളെ വരവേൽക്കാൻ മനോഹരമായ പൂക്കളമൊരുക്കിയിരുന്നു ഞങ്ങൾ അവിടെ നിന്ന് സെൽഫിയെടുത്ത് ഉടനേ ഫെയിസ് ബുക്കിലിട്ടു. ചിലർ ഗേൾ ഫ്രണ്ടിന് മെസ്സേജ് ചെയ്തു സെന്റി പിടിച്ചു. പിക്കിനു ലൈക്കെണ്ണം കൂടിയപ്പോൾ എല്ലാവർക്കും 'നമ്മൾ എന്തൊക്കെയോ ചെയ്യുന്നു' എന്ന ഭാവം വന്നു തുടങ്ങി.  സിസ്റ്റർ മരിയ ഞങ്ങൾക്ക് ആ സ്ഥാപനത്തിന്റെ ചരിത്രം വിവരിച്ചു തന്നു. "പണ്ടൊക്കെ കൃത്യമായി പൈസ വരുമായിരുന്നു . ഇപ്പൊ നിങ്ങളെപ്പോലെയുള്ള സുമനസ്സുകളുടെ കാരുണ്യം കൊണ്ട് പിടിച്ചു നിൽക്കുന്നു." ഇത് കേട്ടതോടെ ഞങ്ങൾ വാനോളം ഉയർന്നു.  

അതിനു ശേഷം അവർ ഞങ്ങളെ ഹാളിലേക്ക് കൊണ്ടുപോയി. അച്ചടക്കമുള്ള ആട്ടിന്കുട്ടികളെപ്പോലെ നാല്പതുപേർ സിസ്റ്ററിന്റെ പിന്നിൽ നിരന്നു. മൂന്ന് മുതൽ ആറു വയസുവരെ പ്രായമുള്ള കുഞ്ഞൻമ്മാർ. മുന്നിൽ രാജാക്കന്മാരെപ്പോലെ ഞങ്ങളും. "ഇനി നിങ്ങൾക്ക് അവരുമായി ഇടപഴകാം " എന്നുപറഞ്ഞു സിസ്റ്റർ നീങ്ങി. അതോടെ ആട്ടിൻ കുട്ടികൾ മുട്ടനാടുകളായി. രാജാക്കന്മാരോട് മുട്ടനാടുകൾക്ക് ഒരു ബഹുമാനവുമില്ല. അവർ ഞങ്ങളുടെ നെഞ്ചത്ത് യഥേഷ്ടം മേഞ്ഞു നടന്നു. ഡ്രൈവർ മഹേഷേട്ടൻ ആനയായി, ആനപ്പുറത്തു വെഞ്ചാമരവും ആലവട്ടവും തിടമ്പുമൊക്കെയായി നാല് പേർ, ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ചുറ്റും നടന്ന്  ആന ക്ഷീണിച്ചു നിൽക്കുമ്പോൾ ചന്തിക്ക് തോട്ടി കൊണ്ട് കുത്തുകയും ചൂരൽ വീശി അടിക്കുകയും ചെയ്യുന്നു. അഖിലേട്ടൻറെ കഴുത്തിൽ കയറിയവനെ ഇറക്കാൻ ശ്രമിക്കുമ്പോൾ ഊഴം കാത്തു നിക്കുന്ന രണ്ടുപേർ കാലുവഴി കയറി തുടങ്ങിയിരിക്കുന്നു. വിജയൻറെ പുറത്ത് അല്ലു അർജുൻ ഫാൻസ്‌ ഉം ദുൽക്കർ ഫാൻസ്‌ ഉം സംയുക്തമായി നടത്തുന്ന ഇരട്ടത്തായമ്പക തകർക്കുന്നു. ഇതിനിടയിൽ  നാല് വയസുകാരൻ ബീഹാറി പയ്യൻ ഭോജ്‌ പുരി ഓടി വന്ന്  എന്നെ കെട്ടിപ്പിടിച്ച് മനസ്സിലാവാത്ത ഭാഷയിൽ എന്തോ പറഞ്ഞ്  ഒരു കടിയും തന്നിട്ട് ഓടി. ജീവനിൽ കൊതിയുള്ള ക്യാമറകളെല്ലാം അവരവരുടെ കീശയിൽ ഒളിച്ചു. ഇടയിലിത്തിരി നേരം ഞങ്ങളും അവരിലാരോക്കെയോ ആയി. കയ്യിലുള്ള പൈസയുടെയും  ഫെയിസ് ബുക്ക് ലൈക്കിന്റെ യും അഹങ്കാരം ആ ബഹളത്തിനിടയിലെവിടെയോ  ഒഴുകിപ്പോയി. ഒടുവിൽ എല്ലാവരും ക്ഷീണിച്ച് കിടപ്പായി. ആനയും ചെണ്ടയുമൊക്കെ വീണു. വാനരപ്പട അപ്പോഴും തകർക്കുന്നു.  ഒടുവിൽഎങ്ങനെയെങ്കിലും അവിടെന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. അവസാനം ഇവമ്മാരെ ഒതുക്കാൻ ഒരു വഴി കണ്ടെത്തി. കഥ പറഞ്ഞു കൊടുക്കുക. പിന്നീട് കഥകളുടെ വസന്തം. ഒടുവിൽ

 "................ ആ നല്ലവനായ രാജാവിൻറെ പേരാണ് മഹാബലി , അദ്ദേഹം വരുന്ന സമയമാണ് നമ്മുടെ ഓണം." വികാരനിർഭരമായി ഞാൻ പറഞ്ഞവസാനിപ്പിച്ചു. കഥകേട്ട് മലയാളം മനസ്സിലാവാത്ത ഭോജ്പുരി മാത്രം കണ്ണ് തുടച്ചു. മറ്റുള്ളവർക്കെല്ലാം ഉത്തരം മുട്ടിക്കുന്ന സംശയമാണ്. ഉരുണ്ട ഭൂമി എങ്ങനെയാ ഒരു കാലു വച്ച് അളന്നെ ? ചവിട്ടിയാൽ ആരെങ്കിലും പാതാളത്തിലേക്ക് താന്നു പോവോ ? നാലു വയസുകാരൻ സുബിന് മാവേലിയെ കാണണം. വരും എന്ന് പറഞ്ഞതല്ലാതെ ഇതുവരെയും അവൻ കണ്ടിട്ടില്ല. കഥയുടെ ജെനുവിനിറ്റിക്കായി മാവേലിയെ കാണിച്ചു കൊടുത്തേ പറ്റൂ എന്നായി. ഒടുവിൽ വിജയനാണ് അഖിലേട്ടന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞത് "ദേ നിൽക്കുന്നു മാവേലി, വയറു കണ്ടില്ലേ. " എല്ലാരും ആ നർമ്മം ആസ്വദിച്ചു. അപ്പോഴേക്കും സിസ്റ്ററെത്തി "ഊണുകഴിക്കാൻ സമയമായി" എന്ന് ഒഫിഷ്യലായി അനൗൺസ് ചെയ്തു . കഴിഞ്ഞല്ലോ എന്ന സമാധാനത്തോടെ ഞങ്ങൾ എഴുന്നേറ്റു. ഇവരെ ദിവസവും മേയ്ക്കുന്ന ആ മാലാഖമാരെ അംഗീകരിക്കണം എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. 

ഊണു കഴിഞ്ഞ് പ്ലാൻ പോലെത്തന്നെ പിരിച്ചു കിട്ടിയ ഇരുപത്തയ്യായിരം രൂപ സിസ്റ്ററിനെ ഏൽപ്പി ച്ച് തിരികെ പോരുമ്പോൾ ആരും ഒന്നും മിണ്ടുന്നുണ്ടായില്ല. പബ്ലിസിറ്റിയിലൂടെ ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ചതൊന്നുമല്ല യഥാർത്ഥ സന്തോഷം എന്ന് ഏറെക്കുറെ എല്ലാവർക്കുംമനസ്സിലായിക്കഴിഞ്ഞിരുന്നു. സിസ്റ്റർ മരിയയുടെ മനസ്സിലുള്ള  സ്നേഹം  ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന  വെറും  സഹതാപത്തേക്കാൾ പത്തരമാറ്റ് തിളങ്ങി നിൽക്കുന്നത് അപ്പോൾ ഞങ്ങളറിഞ്ഞു.  പക്ഷേ ഇതിനിടയിൽ ഒരു അബദ്ധം പറ്റി.  വേലായുധേട്ടന്റെ ദേഹണ്ണപ്പുരയ്ക്കു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് അഖിലേട്ടന്റെ ഉള്ളൊന്നു കാളിയത്. തള്ളി നിൽക്കുന്ന ആ കണ്ണുകളിൽ നിന്നും ഞങ്ങളും ആ മെസ്സേജ് വായിച്ചെടുത്തു. പിരിച്ചു കിട്ടിയ മുഴുവൻ പൈസയും സിസ്റ്ററിനെ ഏൽപ്പിച്ചു പോയി. വേലായുധേട്ടനു പൈസ കൊടുക്കുന്ന കാര്യം ആരും ഓർത്തില്ല .  

വേലായുധേട്ടൻ കൊമ്പൻ മീശയുമായി വന്നപ്പോൾ ഞങ്ങൾ വടി വിഴുങ്ങിയപോലെ മുന്നിൽ. നിമിഷ നേരംകൊണ്ട് ഉഴുന്നാട്ടുന്നതും പച്ചക്കറി അരിയുന്നതും അടുപ്പിലൂതുന്നതും ഞങ്ങൾ സ്വപ്നം കണ്ടു. എന്ത് പറയണം എന്നറിയാതെ എല്ലാവരും മുഖത്തോടു മുഖം നോക്കി. ആരുടെ കയ്യിലും പൈസയില്ല ഒടുവിൽ അഖിലേട്ടൻ വിറച്ചു മടിച്ച് നടന്ന കാര്യം സത്യസന്ധമായി  അവതരിപ്പിച്ചു. വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച ഞങ്ങളെ ഒരു പൊട്ടിച്ചിരികൊണ്ടാണ് ആ കൊമ്പൻ മീശക്കാരൻ അദ്‌ഭുതപ്പെടുത്തിയത് . "സാരമില്ലടാ പിള്ളേരേ... എന്തായാലും നിങ്ങള് ചെയ്തത് ഒരു നല്ലകാര്യമല്ലേ... നിങ്ങടെ കയ്യിൽ ഉള്ളപ്പോ തന്നാ മതി. ഇനീപ്പോ തന്നില്ലെങ്കിലും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.  "  അതുകേട്ടതോടെ ശരിക്കും കരച്ചിലാണ് വന്നത്. ആദ്യം ആരോരുമില്ലാത്ത കുറെ കുരുന്നുകൾ, പിന്നെ സിറ്റർ മരിയ ഇപ്പോൾ വേലായുധേട്ടനും. ഇനിയും തോൽക്കാൻ കഴിയില്ലായിരുന്നു. സിസ്റ്റർ മരിയ പറഞ്ഞ 'സുമനസുകൾ' എന്ന വാക്കിനു ഇനിയുമെന്തൊക്കെയോ അർത്ഥതലങ്ങൾ ഉള്ളതായി അപ്പോൾ തോന്നി.

ഇന്ന്ഈ  കുറിപ്പെഴുതുമ്പോൾ മനസ്സിൽ ആ പഴയ ഓണപ്പാട്ടുണ്ട്. 
"മാവേലി നാട് വാണീടും കാലം 
മാനുഷരെല്ലാരുമൊന്നുപോലെ . 
കള്ളവുമില്ല ചതിയുമില്ല 
എള്ളോളമില്ല പൊളി വചനം

കള്ളപ്പറയും ചെറു നാഴിയും,

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല" 

ഇന്നാലോചിക്കുമ്പോൾ ഈ ഓണപ്പാട്ടിൽ  ഓണമെത്തുന്നത് എവിടെയെല്ലാമാണ് എന്നതിനൊരുത്തരവും ഉണ്ട്. ആ വർഷം ഞാൻ നാലിടത്തു മാവേലിയെ കണ്ടു. ഒന്നാമത് കള്ളവും ചതിയുമില്ലാത്ത കുരുന്നുകളുടെ കൂടെ, രണ്ടാമത്  അവരെയെല്ലാം ഒരുപോലെ കാണാൻ കഴിയുന്ന സിസ്റ്റർ മരിയയുടെ മനസ്സിൽ, മൂന്നാമത് നന്മ മാത്രം ചിന്തിച്ച, നുണ പറയാത്ത, അഖിലേട്ടൻറെ കുടവയറിൽ പിന്നെ കള്ളത്തരങ്ങളും കച്ചവടക്കണ്ണുമില്ലാത്ത  വേലായുധേട്ടൻറെ കൊമ്പൻ മീശത്തുമ്പത്തും 

1 comment: